ബെങ്കി എന്ന ബുദ്ധാചാര്യന്റെ ധ്യാനക്ലാസ്സുകളില്‍ സംബന്ധിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഒരിക്കല്‍ മോഷണക്കുറ്റത്തിന് ഒരു വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ പിടികൂടി. കുറ്റക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അവര്‍ സംഗതി ആചാര്യന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആചാര്യന്‍ അത് കാര്യമാക്കിയില്ല.
അതേ വിദ്യാര്‍ഥി വീണ്ടും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടു. അപ്പോഴും ആചാര്യന്‍ അത് ഗൗരവമായെടുത്തില്ല. ആചാര്യന്റെ അനാസ്ഥ വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചു. കള്ളനെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ കൂട്ടമായി അവിടം വിട്ടുപോകുമെന്നു കാണിച്ച് അവര്‍ ആചാര്യന് നിവേദനം നല്‍കി.
നിവേദനം വായിച്ച ആചാര്യന്‍ എല്ലാവരേയും അരികില്‍ വിളിച്ചിട്ടു പറഞ്ഞു: "സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിയും വിവേകവും ഉള്ളവരാണ്. ഏതാണ് തെറ്റ് ഏതാണ് ശരി എന്നു നിങ്ങള്‍ക്കറിയാം. നിങ്ങളുടെ ഇഷ്ടാനുസരണം മറ്റ് എവിടെയെങ്കിലും ചെന്ന് നിങ്ങള്‍ക്കു പഠിക്കാം.പക്ഷേ ഈ പാവപ്പെട്ട സഹോദരന് തെറ്റേത് ശരിയേത് എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. ഞാന്‍ പഠിപ്പിച്ചില്ലെങ്കില്‍ മറ്റാരാണ് ഇയാളെ പഠിപ്പിക്കുക? നിങ്ങളെല്ലാം ഇവിടം വിട്ടുപോയാലും ഞാന്‍ ഇയാളെ പറഞ്ഞയയ്ക്കുകയില്ല."
മോഷ്ടാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അത് അയാളുടെ മുഖവും മനസ്സും കഴുകിത്തുടച്ചു.അതോടെ അയാള്‍ മോഷണശീലം എന്നേയ്ക്കുമായി ഉപേക്ഷിച്ചു.
പില്‍ക്കാലത്ത് പ്രശസ്തനായിത്തീര്‍ന്ന മാമിയാ ഒരിക്കല്‍ ഉപദേശങ്ങള്‍ക്കായി ഒരു ഗുരുവിനെ സമീപിച്ചു."ഒറ്റക്കൈയുടെ ശബ്ദം എന്താണ്?" ഗുരു ചോദിച്ചു.
ഒറ്റക്കൈയുടെ ശബ്ദത്തില്‍ മാത്രമാണ് പിന്നീട് മാമിയാ ശ്രദ്ധിച്ചത്. ഗുരു പറഞ്ഞു:
താങ്കള്‍ കഠിനമായി പ്രയത്നിക്കുന്നില്ല. ഭക്ഷണം, ധനം, വസ്തുവകകള്‍, പിന്നെ ആ ശബ്ദം ഇവയിലൊക്കെയാണ് താങ്കള്‍ക്ക് താല്‍പ്പര്യം. ഇതിനെക്കാള്‍ നല്ലത് മരണമാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും അത് പരിഹാരമാവും.
അടുത്ത പ്രാവശ്യം മാമിയാ ഗുരുവിന്റെ സമീപമെത്തി. ഒറ്റക്കൈയുടെ ശബ്ദം എങ്ങനെ കാണിക്കുമെന്ന് ഗുരു ചോദിച്ചു. ഉടനേ മാമിയാ മരിച്ചവനെപ്പൊലെ താഴെ വീണു.
ഗുരു പറഞ്ഞു: ശരി, താങ്കള്‍ മരിച്ചു. പക്ഷേ, ആ ശബ്ദത്തെക്കുറിച്ച് എന്തുണ്ട്?"
മാമിയാ മുകളിലേക്കു നോക്കി പറഞ്ഞു: 'അതിനു പരിഹാരം കാണാന്‍ എനിക്കു കഴിഞ്ഞിട്ടില്ല."
ഗുരു കല്‍പ്പിച്ചു: "മരിച്ചവന്‍ സംസാരിക്കില്ല. എഴുന്നേല്‍ക്കൂ".
യുവതിയായ ഭാര്യ രോഗം പിടിച്ചു മരിക്കാറായി. അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: "നിങ്ങളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. നിങ്ങളെ വിട്ടുപോകാന്‍ എനിക്കു കഴിയുന്നില്ല. നിങ്ങള്‍ മറ്റൊരു സ്ത്രീയുടെ അടുത്തു പോകരുത്. എങ്കില്‍ പ്രേതമായി ഞാന്‍ തിരിച്ചു വരും. കുഴപ്പങ്ങള്‍ ഉണ്ടാകും."
അവള്‍ മരിച്ചു. മൂന്നു മാസക്കാലം ഭര്‍ത്താവ് അവളുടെ അന്ത്യാഭിലാഷം ഓര്‍ത്തു കഴിഞ്ഞു. പിന്നീട് സുന്തരിയായ ഒരു സ്ത്രീയെ കാണ്ടുമുട്ടി; അയാള്‍ അവ്ലെ പ്രേമിച്ചു. ആവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.
വിവാഹാലോചനയ്ക്കു ശേഷം ഒരു പ്രേതം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.വാക്കു പാലിക്കാത്തതില്‍ പ്രേതം അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എയാളും പ്രേമഭാജനവും തമ്മില്‍ നടക്കുന്ന എല്ല കാര്യങ്ങളും പ്രേതം എടുത്തുപറയുമായിരുന്നു. അയാള്‍ പ്രേയസിക്ക് ഒരു സമ്മാനം നല്‍കിയാള്‍ പ്രേതം അതേപ്പറ്റി പറയും. അവരുടെ വര്‍ത്തമാനമ്പോലും പ്രേതം ആവര്‍ത്തിക്കും. ഇത് അയാളെ വല്ലതെ അലട്ടി. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി.
അടുത്തുള്ള ഒരു ധ്യാനാചാര്യനെ ചെന്നു കാനാന്‍ ആള്‍ക്കാര്‍ അയാളെ ഉപദേശിച്ചു. ഒറ്റുവില്‍ ഗത്യന്തരമില്ലാതെ അയാള്‍ ആചാര്യനെ കാണാന്‍ ചെന്നു.
എല്ലാം കേട്ടിട്ട് ആചാര്യന്‍ പറഞ്ഞു:"നിങ്ങളുടെ പഴയ ഭാര്യ പ്രേതമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ ചെയ്യുന്നതെല്ലാമവള്‍ക്കറിയാം.നിങ്ങള്‍ എന്തുചെയ്യുന്നു,എന്തുപറയുന്നു,ആര്‍ക്കെന്തു നല്‍കുന്നു-എല്ലാം പ്രേതം അറിയുന്നു. തീര്‍ച്ചയായും ബുദ്ദിയുള്ള പ്രേതം തന്നെയാണ് അവള്‍. ആ പ്രേതത്തെ അഭിനന്ദിക്കണം.
ഇനി അവള്‍ വരുമ്പോള്‍ താങ്കള്‍ അവളോട് തര്‍ക്കിക്കണം. എല്ലാം അരിയുന്ന അവളില്‍നിന്ന് യാതൊന്നും ഒളിച്ചുവയ്ക്കാനില്ലെന്നു പറയണം. നിങ്ങലുടെ ഒരേയൊരു ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍, വിവാഹാലോചന ഉപേക്ഷിച്ച് ഒറ്റയ്ക്ക് കഴിഞ്ഞുകൊള്ളാമെന്നു പറയണം."
എന്തു ചോദ്യമാണ് ഞാന്‍ അവളോട് ചോദിക്കേണ്ടത്?" അയാള്‍ ചോദിച്ചു.
ആചാര്യന്‍ പറഞ്ഞു: ഒരുപിടി അമരവിത്തെടുക്കുക. കൈയില്‍ എത്ര വിത്തുണ്ടെന്നു പറയാന്‍ അവളോട് ആവശ്യപ്പെടുക. അപ്പോഴറിയാം കളി."
അടുത്ത രാത്രി പ്രേതം വീണ്ടും വന്നു. അയാള്‍ ചോദിച്ചു:"നിനക്ക് എല്ലാം അറിയാം, അല്ലേ?"
"തീര്‍ച്ചയായും. എന്നു മാത്രമല്ല, ഇന്നു നിങ്ങള്‍ ധ്യാനഗുരുവിനെ കണ്ട കാര്യംകൂടി എനിക്കറിയാം."
"എങ്കില്‍ പറയൂ, ഇപ്പോള്‍ എന്റെ കൈയില്‍ എത്ര വിത്തുണ്ട്?"
മറുപടി പറയാന്‍ പ്രേതം ഉണ്ടായിരുന്നില്ല.
ധ്യാനബുദ്ധാചാര്യന്മാര്‍ ഏകാന്തമായ മുറിയില്‍ വച്ചാണ് ശിഷ്യര്‍ക്ക് ഉപദേശം നല്‍കിയിരുന്നത്. ആചാര്യനും ശിഷ്യനും ഒന്നിച്ചു നില്‍ക്കുമ്പോള്‍ ആരും അങ്ങോട്ടു കടന്നുചെല്ലാറുമില്ല.
കയോട്ടയിലെ കെനിന്‍ എന്ന ക്ഷേത്രത്തിലെ ധ്യാനാചാര്യനായിരുന്നു മൊകുറായ്. എല്ലാ വിഭാഗം ആള്‍ക്കാരുമായി ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം.
ഒരു കുശവന്‍ ആചാര്യനെ കാണാന്‍ സ്ഥിരമായി അവിടെ എത്തുമായിരുന്നു. അയാള്‍ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കും; ചായ കുടിക്കും; യാത്ര പറഞ്ഞുപോകും.
ഒരു ദിവസം കുശവന്‍ ആചാര്യനെ കാണാന്‍ ചെന്നു. ആചാര്യന്‍ ഒരു ശിഷ്യന് ഉപദേശം നല്‍കുവാനായി കാത്തുനില്‍ക്കുകയായിരുന്നു. അതിനാല്‍ പുറത്തു കാത്തുനില്‍ക്കാന്‍ കുശവനോട് ആചാര്യന്‍ ആവശ്യപ്പെട്ടു.
കുശവന്‍ വിഷമത്തോടെ പറഞ്ഞു:"ഞാന്‍ കരുതുന്നത് താങ്കള്‍ ജീവിച്ചിരിക്കുന്ന ബുദ്ധനാണെന്നാണ്. കല്ലുകൊണ്ടുള്ള ബുദ്ധന്‍ പോലും മുന്നിലെത്തുന്ന ആരെയും പുറത്തു പോകാന്‍ പറയില്ല. താങ്കള്‍ എന്തിനാണ് എന്നെ പുറത്തു പോകാന്‍ പറയുന്നത്?"
ആചാര്യന്‍ കുശവനെ അവിടെ നിര്‍ത്തിയിട്ട് ശിഷ്യനെക്കാണാന്‍ പുറത്തേക്കു പോയി.
ധ്യാന ഗുരുവായ ഫുസേയ്ക്കും ശിഷ്യന്മാര്‍ക്കും ആഹാരം വിളമ്പാന്‍ വൈകി. ശകാരം കേള്‍ക്കേണ്ടിവന്ന കുശിനിക്കാരന്‍ പെട്ടെന്നു പോയി അടുക്കളത്തോട്ടത്തില്‍ നിന്ന് ഒന്നാന്തരം പച്ചക്കറികള്‍ മുറിച്ചുകൊണ്ടു വന്നു. തിടുക്കത്തിനിടയില്‍ അയാള്‍ ഒരു പച്ചിലപ്പാമ്പുകൂടി അതില്‍ പെട്ടുപോയി. അതറിയാതെ അയാള്‍ സൂപ്പുണ്ടാക്കി. ആചാര്യനും ശിഷ്യന്മാരും ഇത്രയും രുചികരമായ സൂപ്പ് മുമ്പൊരിക്കലും കഴിചീട്ടില്ലെന്ന് അഭിപ്രായം പരഞ്ഞു. തന്റെ പാത്രത്തില്‍ പാമ്പിന്‍ തല കണ്ടപ്പോള്‍ ആചാര്യന്‍ അടുക്കളകാരനെ അടുത്തുവിളിച്ചു. പാമ്പിന്‍തലയെടുത്തുയര്‍ത്തി അദ്ദേഹം ചോദിച്ചു: "എന്താണിത്?"
പെട്ടെന്ന് അതുവാങ്ങി തിന്നുകൊണ്ട്‌യാള്‍ പറഞ്ഞു: "നന്ദി,ഗുരുവേ.."
ചൈനയിലെ ധ്യാനാചാര്യനായ ഹയാക്കുജോ എണ്‍പതു വയസ്സിലും ശിഷ്യന്മാരോടൊപ്പം പലവിധ ജൊലികളും ചെയ്യുന്നതു കണ്ട് ശിഷ്യന്മാര്‍ക്ക് വല്ലാത്ത പ്രയാസമായി.ആരു പറഞ്ഞാലും ആചാര്യന്‍ അനുസരിക്കുകയില്ല. അവര്‍ അദ്ദേഹത്തിന്റെ പണിയായുധങ്ങളെടുത്ത് ഒളിച്ചുവെച്ചു.
അന്നേദിവസം ആചാര്യന്‍ ആഹാരം കഴിച്ചതേയില്ല. അടുത്ത് ദിവസവും അതിനടുത്ത ദിവസവും അദ്ദേഹം ഒന്നും കഴിച്ചില്ല. "പണിയായുധങ്ങള്‍ ഒളിപ്പിച്ചുവെച്ചതിന് നമ്മോട് പിണങ്ങിയിരിക്കുകയാണ്. അവ യഥാസ്ഥാനത്തു വയ്ക്കുന്നതാണ് നന്ന്." ശിഷ്യന്മാര്‍ തമ്മില്‍ പറഞ്ഞു.
ശിഷ്യന്മാര്‍ പണിയായുധങ്ങള്‍ പഴയ സ്ഥാനത്തു തന്നെ കൊണ്ടു വെച്ചു. ആചാര്യന്‍ അന്നു പണിയെടു ത്തു. ആഹാരം കഴിക്കുകയും ചെയ്തു. വൈകിട്ട് അദ്ദേഹം പറഞ്ഞു:ജോലി ചെയ്യാത്തവന് ആഹാരവുമില്ല