Thursday, April 24, 2008,10:24 am
പുളിച്ച മീസോ

ങ്കിയുടെ സന്യാസി മഠത്തിലെ കുശിനിക്കാരനായ ദെയേരിയോ വൃദ്ധനായ തന്റെ ഗുരുനാഥന്‌ ആരോഗ്യം മെച്ചപ്പ്പെടുത്താനായി ബീന്‍സ്‌, ഗോതമ്പ്‌, യീസ്റ്റ്‌ എന്നിവ ചേര്‍ത്തുണ്ടാക്കിയ പുതിയ മീസോ നല്‍കാന്‍ തീരുമാനിച്ചു. ശിഷ്യന്മാര്‍ക്കു നല്‍കിയതിനേക്കാള്‍ നല്ല മീസോ തനിക്ക്‌ വിളമ്പിയത്‌ കണ്ട്‌ ആചാര്യന്‍ ചോദിച്ചു:
"ആരാണ്‌ ഇന്നത്തെ കുശിനിക്കാരന്‍?"

ദെയേരിയോ ആചാര്യന്റെ മുന്നിലെത്തി, അദ്ദേഹത്തിന്റെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത്‌ പുതിയ മീസോ കഴിക്കുന്നതാണ്‌ നല്ലതെന്ന് ഉപദേശിച്ചു. അദ്ദേഹം കുശിനിക്കാരനോട്‌ പറഞ്ഞു:"ഞാന്‍ ഒന്നും കഴിക്കണ്ട എന്നാണ്‌ നീ വിചാരിക്കുന്നത്‌, അല്ലേ?"
അത്രയും പറഞ്ഞ്‌ അദ്ദേഹം മുറിയില്‍ കയറി കതകടച്ചു.
വാതിലിനു പുറത്തു നിന്ന്‌ ദെയേരിയോ ഗുരുനാഥനോട്‌ മാപ്പു പറഞ്ഞു. ആചാര്യന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഗുരു അകത്തും ശിഷ്യന്‍ പുറത്തുമായി ഏഴു ദിവസം കഴിച്ചു.
ഒടുവില്‍ നിരാശയും സങ്കടവും സഹിക്കാനാവാതെ ആചാര്യനോട്‌ ശിഷ്യന്‍ വിളിച്ചു പറഞ്ഞു: "വൃദ്ധനായ ഗുരുവേ, താങ്കള്‍ക്ക്‌ കുഴപ്പമൊന്നും ഇല്ലായിരിക്കാം. പക്ഷേ ചെറുപ്പക്കാരനായ ഈ പാവം ശിഷ്യന്‌ എന്തെങ്കിലും തിന്നണം. ഭക്ഷണം കഴിക്കാതെ അവന്‌ നില്‍ക്കാന്‍ വയ്യ."
ആചാര്യന്‍ പുഞ്ചിരിച്ചു കൊണ്ട്‌ വാതില്‍ തുറന്ന് പുറത്തുവന്നു.
ആചാര്യന്‍ പറഞ്ഞു: എന്റെ ശിഷ്യന്മാര്‍ക്കു കൊടുക്കുന്ന ഭക്ഷണം തന്നെ എനിക്കും തന്നാല്‍ മതി. നീ അദ്ധ്യാപകനാവുമ്പോള്‍ ഇക്കാര്യം മറക്കരുത്‌.
 
posted by zen
Permalink
-->