Monday, March 31, 2008,12:12 pm
ഒന്നുമില്ല

മാവോക തെഷു എന്ന ധ്യാനവിദ്യാര്‍ഥി പല ആചാര്യന്മാരെയും സന്ദര്‍ശിച്ചു.ഷൊക്കാകുവിലെ ദോക്കുവോന്‍ എന്ന ആചാര്യനെ ചെന്നു കണ്ടു.


തന്റെ സാമര്‍ത്ഥ്യം തെളിയിക്കുവാനായി യമാവോക തെഷു പറഞ്ഞു: " മനസ്സ്‌, ബുദ്ധന്‍, ജീവജാലങ്ങള്‍ ഒന്നും തന്നെയില്ല. ഈ പ്രപഞ്ചത്തിന്റെ യഥാര്‍ഥ സ്വഭാവം ശൂന്യതയാണ്‌.സാക്ഷാത്‌കാരമില്ല, മോഹഭംഗമില്ല, സന്യാസമില്ല, ഒന്നും നല്‍കാനില്ല, സ്വീകരിക്കാനുമില്ല."


ദോക്കുവോന്‍ ഒന്നും പറഞ്ഞില്ല. പുക വലിച്ചുകൊണ്ടിരുന്നു.


പെട്ടെന്ന്‌ അദ്ദേഹം കയ്യിലിരുന്ന മുളവടികൊണ്ട്‌ ഒറ്റയടി. അടികൊണ്ട യമാവോക തെഷു കുപ്തനായി.


ആചാര്യന്‍ ചോദിച്ചു:യാതൊന്നുമില്ലെങ്കില്‍, ഈ കോപം എവിടെ നിന്നു വന്നു?"

 
posted by zen
Permalink0 comments
Saturday, March 29, 2008,5:54 pm
വാളിന്റെ രുചി

പ്രശസ്തനായ വാള്‍പ്പയറ്റുകാരന്റെ മകനായിരുന്നു മത്തജൂറോ. അയാളുടെ കഴിവില്‍ മതിപ്പില്ലായിരുന്ന അച്ഛന്‍ അതൃപ്തിയോടെ മകനെ തള്ളിപ്പറഞ്ഞു. മനം നൊന്ത മത്തജൂറോ നാടുവിട്ടു. ഫുത്താറാ പര്‍വ്വതനിരകളിലേക്കു പോയി. അവിടെവച്ച്‌ അയാള്‍ ബന്‍സോ എന്ന പ്രശസ്ത വാള്‍പ്പയറ്റുകാരനെ കണ്ടുമുട്ടി. അദ്ദേഹം മത്തജൂറോയുടെ അച്ഛന്റെ വിധി സ്ഥിരീകരിച്ചു.

അദ്ദേഹം പറഞ്ഞു:
"നിനക്ക്‌ എന്റെ കീഴില്‍ വാള്‍പ്പയറ്റ്‌ പഠിക്കണമെന്നുണ്ടോ? പക്ഷേ, എന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിനക്ക്‌ സാധിക്കുമെന്നു തോന്നുന്നില്ല".
മത്തജൂറോ ചോദിച്ചു:
"കഠിനമായി അദ്ധ്വാനിച്ചാലെത്ര വര്‍ഷം വേണ്ടി വരും?"
ബന്‍സോ പറഞ്ഞു:
"ജീവിതകാലം മുഴുവന്‍".
അത്രയും കാത്തിരിക്കാന്‍ എനിക്കാവില്ല. താങ്കള്‍ എന്നെ പഠിപ്പിക്കുമെങ്കില്‍ എന്തു പ്രയാസങ്ങള്‍ തരണം ചെയ്തും പഠിക്കാന്‍ ഞാന്‍ ഒരുക്കമാണ്‌. ഞാന്‍ അങ്ങയുടെ സമര്‍പ്പണശിഷ്യനാകാന്‍ എത്ര വര്‍ഷം വേണ്ടിവരും?"
".... ങ്‌ഹാ, പത്തു വര്‍ഷം".
അച്ഛനു വയസ്സായി.അദ്ദേഹത്തെ നോക്കണം.കഠിനമായി പ്രയത്നിച്ചാല്‍ എത്ര വര്‍ഷം വേണ്ടി വരും?"
"... ങ്‌ഹാ, ഒരു മുപ്പതു വര്‍ഷം".
".....എന്ത്‌? ആദ്യം പറഞ്ഞു പത്തു വര്‍ഷമെന്ന്‌. ഇപ്പൊള്‍ മുപ്പതു വര്‍ഷം! ചുരുങ്ങിയ സമയം കൊണ്ട്‌ വാള്‍പ്പയറ്റു പഠിക്കാന്‍ എന്തു പ്രയാസവും ഞാന്‍ സഹിക്കാം"
"ശരി. എങ്കില്‍ ഒരു എഴുപതു വര്‍ഷമെങ്കിലും നീ ഇവിടെ നില്‍ക്കേണ്ടി വരും. ഇങ്ങനെ ധൃതിപിടിച്ചു നില്‍ക്കുന്ന നിന്നെപ്പോലൊരാള്‍ക്ക്‌ എളുപ്പം പഠിക്കനാവില്ല".
അക്ഷമ കാര്യസാധ്യത്തിന്‌ വിഘാതം ഉണ്ടാക്കുമെന്നു കരുതി അയാള്‍ പറഞ്ഞു:
"എനിക്കു മനസ്സിലായി."
ഗുരുനാഥന്‍ മത്തജൂറോയോട്‌ പ്രതിരോധത്തെക്കുറിച്ചു പറഞ്ഞതേയില്ല.വാള്‍ തൊടാന്‍ അനുവദിച്ചില്ല. വാള്‍ പയറ്റൊഴിച്ച്‌ മറ്റ്‌ എല്ലാ കാര്യങ്ങളും അയാളെക്കൊണ്ട്‌ ചെയ്യിച്ചു.
മൂന്നു വര്‍ഷം കടന്നു പോയി. മത്തജൂറോ പണികള്‍ ചെയ്തുകൊണ്ടേയിരുന്നു. ഭാവിയെക്കുറിച്ചോര്‍ത്ത്‌ അയാള്‍ വിഷമിച്ചു. താന്‍ ജീവിതം ഉഴിഞ്ഞുവച്ച ആ കഥയുടെ ആദ്യ പാഠം പോലും പഠിക്കാനാവാത്തതില്‍ അയാള്‍ ദു:ഖിച്ചു.
ഒരു ദിവസം മറഞ്ഞു നിന്ന്‌ ബന്‍സോ ശിഷ്യന്‌ മരവാളുകൊണ്ട്‌ ശക്തിയായി ഒരടി കൊടുത്തു. പിറ്റേദിവസം വീണ്ടും അപ്രതീക്ഷിതമായി ബന്‍സോ മരവാളുകൊണ്ട്‌ ശിഷ്യന്‌ ഉഗ്രനൊരടി കൊടുത്തു.അപ്പോള്‍ മുതല്‍ ഏതു നിമിഷവും ഗുരുവിന്റെ അടി തടയാന്‍ മത്തജൂറോ സന്നദ്ധനായി നിന്നു. ബന്‍സോയുടെ വാളിന്റെ രുചിയെക്കുറിച്ചോര്‍ക്കാത്ത ഒരു നിമിഷം പോലും അയാളുടെ ജീവിതത്തില്‍ ഇല്ലെന്നായി.
അവന്‍ വളരെ വേഗം ആയുധവിദ്യ പഠിച്ചു.
ആചാര്യന്റെ മുഖത്ത്‌ മധുരമായ പുഞ്ചിരി.
മത്തജൂറോ രാജ്യത്തെ ഏറ്റവും വലിയ വാള്‍പ്പയറ്റുകാരനായിത്തീര്‍ന്നു.
 
posted by zen
Permalink0 comments
Thursday, March 27, 2008,8:44 pm
സുഗന്ധ ധൂപക്കുറ്റി

നാ ഗസാക്കിയിലെ കാമി എന്ന സ്ത്രീ ജപ്പാനിലെ കീര്‍ത്തി കേട്ട സുഗന്ധ ധൂപക്കുറ്റി നിര്‍മ്മാതാവായിരുന്നു. സുഗന്ധ ധൂപക്കുറ്റി ജപ്പാനില്‍ മഹത്തായ കലാസൃഷ്ടിയായിട്ടാണ്‌ കരുതപ്പെട്ടിരുന്നത്‌. ചായസല്‍ക്കാര മുറിയിലോ കുടുംബ സ്മാരകസ്തംഭത്തിനു മുന്നിലോ മാത്രമേ ധൂപക്കുറ്റികള്‍ ഉപയോഗിച്ചിരുന്നുള്ളൂ.

കാമിയുടെ അച്ഛനും പ്രസിദ്ധനായ സുഗന്ധ ധൂപക്കുറ്റി നിര്‍മ്മാതാവായിരുന്നു. പണം കിട്ടുമ്പോള്‍ കലാകാരന്മാര്‍, കവികള്‍, കൊത്തുപണിക്കാര്‍ തുടങ്ങി എല്ലാവരേയും ക്ഷണിച്ച്‌ കാമി ഗംഭീരമായ സദ്യകള്‍ നടത്തിയിരുന്നു.

വളരെ സാവധാനത്തിലേ സൃഷ്ടിയില്‍ ഏര്‍പ്പെടാന്‍ കാമിക്കു കഴിയുമായിരുന്നുള്ളൂ. പക്ഷേ, പണി കഴിഞ്ഞാല്‍ അതൊരു മാസ്റ്റര്‍പീസു തന്നെയായിരിക്കും.

നാഗസാക്കിയിലെ മേയര്‍, ഒരു ധൂപക്കുറ്റി ചെയ്തുകൊടുക്കാന്‍ കാമിയോട്‌ ആവശ്യപ്പെട്ടിരുന്നു. ആറുമാസം കഴിഞ്ഞു. മറ്റൊരു പട്ടണത്തിലേക്കു മാറ്റം കിട്ടിയപ്പോ മേയര്‍ തന്റെ ആവശ്യം വീണ്ടും കാമിയെ അറിയിച്ചു.ഒടുവില്‍ കാമി ധൂപക്കുറ്റിയുടെ പണി പൂര്‍ത്തിയാക്കി.ഒന്നന്തരം കലാസൃഷ്ടി! അവള്‍ അതുതന്നെ നോക്കി വളരെനേരം കഴിച്ചു. തന്റെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിലെന്നപോലെ ആഹ്ലാദിച്ചു.

ഒരു ചുറ്റികയെടുത്ത്‌ ആവേശത്തോടെ ആ കലാസൃഷ്ടിയെ അവള്‍ അടിച്ചു തകര്‍ത്തു. തന്റെ മനസ്സില്‍ സങ്കല്‍പ്പിച്ച വിധത്തില്‍ ആ ധൂപക്കുറ്റി നിര്‍മ്മിക്കാന്‍ സാധിക്കാത്തതായിരുന്നു അതിനു കാരണം!
 
posted by zen
Permalink0 comments
-->