Saturday, June 14, 2008,6:54 pm

1997 ഡിസംബറില്‍ തെറ്റാടി മാസികയുടെ പ്രത്യേക പതിപ്പ്‌ "സെന്‍:മുപ്പത്തിയാറ്‌ ബുദ്ധകഥകള്‍" പുറത്തിറക്കി. ഹൈസ്കൂള്‍/കോളേജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സെന്‍ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ പതിപ്പ്‌ പരക്കെ സ്വീകരിക്കപ്പെട്ടത്‌ തെറ്റാടിയുടെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ ഓര്‍മിക്കപ്പെടേണ്ട അനുഭവമായിത്തീര്‍ന്നു. ഈ പുസ്തകം വായിച്ച പല സുഹൃത്തുക്കളും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഈ പതിപ്പിനെ അനുസ്മരിച്ച്‌ സംസാരിച്ചിട്ടുണ്ട്‌.ഒരു ബസ്‌യാത്രയ്ക്കിടയില്‍ ചിത്രകാരനായ സുബിന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളോടെ പുറത്തിറങ്ങിയ ആ പതിപ്പിന്റെ കുതൂഹലം പങ്കുവെച്ചു.ഒരു പാതിരായ്ക്ക്‌ വൈകി എത്തിച്ചേര്‍ന്ന ബസ്സില്‍ നിന്നിറങ്ങി നടക്കുമ്പോള്‍, വഴിക്ക്‌ പ്രേമിനെക്കണ്ടു. നല്ല ഫിറ്റായിരുന്നു... സെന്‍ കഥാ പതിപ്പിനെക്കുറിച്ച്‌ പ്രേം സംസാരിച്ചു. ആ വായന തന്നെ സെന്നി ലേക്ക്‌ കൂടുതല്‍ അടുപ്പിച്ചെന്നും ഓഷോയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പ്രേം പറഞ്ഞു. ആ സംഭാഷണം രാത്രിയില്‍ നീണ്ടുപോയി. അപ്പോള്‍ തോന്നിയതാണ്‌ സെന്‍ കഥകള്‍ നെറ്റിലൂടെ ലഭ്യമാക്കണമെന്നത്‌.കഥകള്‍ മാത്രമല്ല, സെന്‍ സംബന്ധിയായ വ്യത്യസ്ത വീക്ഷണങ്ങളും. തിരുവനന്തപുരത്ത്‌ സെന്നില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത്‌ വൈ. സജിയോടും മറ്റും ഇതേക്കുറിച്ച്‌ സംസാരിച്ചിരുന്നു.ചിലര്‍ക്കെങ്കിലും തോന്നിക്കാണും, എന്തുകൊണ്ടാണ്‌ പിശുക്കിപ്പിശുക്കി വല്ലപ്പോഴുമുള്ള പോസ്റ്റിംഗ്‌? ഒന്നേ മറുപടിയുള്ളൂ...സ്വന്തമായി കംപ്യൂട്ടറില്ലാതെ, കംപ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനുമുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാതെ ബ്ലോഗ്‌ എഴുതുന്നവര്‍ക്ക്‌ ഇങ്ങനെയേ തുടരാനാവൂ. തിരുവനന്തപുരത്തെ നെറ്റ്‌ കഫേകള്‍ ഇങ്ങനെയൊരു ബ്ലോഗ്‌ സാദ്ധ്യമാക്കി.ക്ഷമിക്കണം, ഈ പേജിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍ ഒരു ബ്ലോഗര്‍ അല്ല. ബ്ലോഗെഴുത്ത്‌ ശരിക്കും ഒരു ഓണ്‍ലൈന്‍ ഡയറിയായിരുന്നപ്പോള്‍ത്തന്നെ അതിന്റെ സാമൂഹ്യ വിതാനങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്ന നിരവധിയാളുകളില്‍ ഒരാള്‍ മാത്രം.പെട്ടെന്നോര്‍ത്തുപോകുന്നു. ചില വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആകാശവാണി തിരുവനന്തപുരം നിലയത്തിനു വേണ്ടി കോഴിക്കോട്ടെ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കൈലാഷ്‌നാഥുമായി സംസാരിച്ചിരിക്കുകയായിരുന്നു.(അക്കാലത്ത്‌ മലയാളം ബ്ലോഗിംഗ്‌ പ്രചാരമോ കുപ്രചാരമോ നേടിയിരുന്നില്ല). ബോസ്റ്റ്‌മെഷീന്‍ []എട്ടാം പതിപ്പ്‌ പുറത്തിറക്കിയതിന്റെ സന്തോഷത്തിലായിരുന്നു കൈലാഷ്‌.മലയാളപ്രസിദ്ധീകരണങ്ങളോ കേരളത്തിലെ ബ്ലോഗെഴുത്തുകാരോ കാണാതിരുന്നത്‌ ആകാശവാണി കേള്‍പ്പിച്ചു. കൈലാഷിന്റെ ബ്ലോഗ്‌. ബ്ലോഗ്‌ വായനയുടെ തുടക്കത്തില്‍ അതിന്റെ സാധ്യതകളെ അമ്പരപ്പോടെ വെളിപ്പെടുത്തിയ വെയ്‌ര്‍ ഈസ്‌ റയീദ്‌ എന്ന ബ്ലോഗ്‌ ഓര്‍ക്കുന്നു...പിന്നീട്‌ The Clantenstien Dairy of an Ordinary Iraqi
എന്ന പേരില്‍ ഇത്‌ പുസ്തകമായി.

നന്ദി.ഈ വഴി ഒരു തവണയെങ്കിലും കടന്നു പോയ ഓരോ വായന/നോട്ടക്കാരനും വായന/നോട്ടക്കാരിക്കും.

 
posted by zen
Permalink
-->