ബുദ്ധക്ഷേത്രങ്ങളില്‍ താമസിക്കുന്ന സന്യാസിമാരെ വിവാദത്തില്‍ തോല്‍പ്പിച്ചാല്‍ സഞ്ചാരികളായ സന്യാസിമാര്‍ക്ക് താമസസൗകര്യം ലഭിക്കുമായിരുന്നു. വിവാദത്തില്‍ തോറ്റാല്‍ അവിടം വിട്ടു പോകേണ്ടതുതന്നെ.
ജപ്പാന്റെ വടക്കന്‍ദേശത്ത് ഒരു ബുദ്ധക്ഷേത്രത്തില്‍ രണ്ടു സഹോദരന്മാര് താമസിച്ചിരുന്നു. മൂത്തയാള്‍ പണ്ഡിതനായിരുന്നു. ഇളയവന് വിഡ്ഢിയും ഒറ്റക്കണ്ണനുമായിരുന്നു.
(**)
സഞ്ചാരിയായ ഒരു സന്യാസി താമസസൗകര്യം അന്വേഷിച്ച് അവിടെയെത്തുകയും വിവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. മൂത്ത സഹോദരന് ക്ഷീണിതനായിരുന്നതിനാല്‍ വിവാദത്തിന് അനുജനെ പറഞ്ഞയച്ചു:
പോയി മൗനഭാഷയില്‍ വിവാദം നടത്തൂ."
കുറേ സമയം കഴിഞ്ഞ് സഞ്ചാരിയായ സന്യാസി മൂത്ത സഹോദരനോടു പറഞ്ഞു: "താങ്കളുടെ സഹോദരന് വല്ലാത്ത മനുഷ്യന് തന്നെ.അദ്ദേഹം എന്നെ പരാജയപ്പെടുത്തി."
മൂത്ത സഹോദരന് ചോദിച്ചു: സംഭവിച്ചതെന്താണ്? തെളിച്ചു പറയൂ..."
സഞ്ചാരിയായ സന്യാസി പറഞ്ഞു: "ആദ്യമായി ഞാന്‍ ഒരു വിരല്‍ ഉയര്‍ത്തിക്കാട്ടി, ബോധോദയം ലഭിച്ച ബുദ്ധന്റെ പ്രതീകമായി. അപ്പോള്‍ അദ്ദേഹം രണ്ടു വിരലുകള്‍ ഉയര്‍ത്തി, ബുദ്ധനെയും ധര്മത്തെയും
സൂചിപ്പിച്ചുകൊണ്ട്. ഞാന്‍ മൂന്നു വിരലുകള്‍ ഉയര്‍ത്തി സംഘവുംകൂടി ഉണ്ടെന്നു സൂചിപ്പിച്ചു. എല്ലാം ഒന്നില്നിന്നു തന്നെയാണ് ഉണ്ടായതെന്നു സൂചിപ്പിച്ചുകൊണ്ട് ചുരുട്ടിയ മുഷ്ടി എന്റെ മുഖത്തേക്കു നീട്ടി. വിവാദത്തില്‍ അദ്ദേഹം ജയിച്ചിരിക്കുന്നു. ഇവിടെ താമസിക്കുവാനുള്ള അവകാശം എനിക്കില്ല"-ഇത്രയും പറഞ്ഞ് അദ്ദേഹം യാത്രയായി.
"അവന് എവിടെ?" സഞ്ചാരിയായ സന്യാസിയെ അന്വേഷിച്ച് അനുജന് ജ്യേഷ്ഠന്റെ അടുത്തേക്കുവന്നു.
വിവാദത്തില്‍ നീ ജയിച്ചു"- ജ്യേഷ്ഠന് പറഞ്ഞു.
ജയിച്ചതൊന്നുമല്ല...അവനെ ഞാന്‍ അടിച്ചു ശരിപ്പെടുത്തും."
എന്തിനെക്കുറിച്ചായിരുന്നു വിവാദം; പറയൂ."
"അയാള്‍ എന്നെ കണ്ടയുടനെ ഒരു വിരല്‍ ഉയര്‍ത്തി. ഞാന്‍ ഒറ്റക്കണ്ണനാണെന്നു കാട്ടി എന്നെ ആക്ഷേപിച്ചു. അപരിചിതനോട് മര്യാദയ്ക്കു പെരുമാറണമെന്നു കരുതി, അയാള്‍ക്ക് രണ്ടു കണ്ണുകളുണ്ടെന്ന് അഭിനന്ദിച്ച് ഞാന്‍ രണ്ടു വിരലുകള്‍ ഉയര്‍ത്തി. ഉടനെ ആ കൊള്ളരുതാത്തവന്‍, മൂന്നു വിരലുകള്‍ ഉയര്‍ത്തി രണ്ടുപേര്ക്കും കൂടി മൂന്നു കണ്ണുകളേയുള്ളൂ എന്നു കാട്ടി. എനിക്കു വല്ലാത്ത ദേഷ്യം വന്നു. മുഷ്ടി ചുരുട്ടി ഞാന്‍ ഇടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അയാള്‍ ഓടി രക്ഷപ്പെട്ടു".
Labels: zen story