Wednesday, April 23, 2008,7:33 pm
മൊക്കുസെന്റെ കൈമുദ്ര

കമ്പ എന്ന പ്രദേശത്തെ ഒരു ധ്യാന ക്ഷേത്രത്തീലെ ആചാര്യനായിരുന്നു മൊക്കുസെന്‍ ഹിക്കി. ഗൃഹസ്ഥാശ്രമിയായ ഒരു അനുയായി, അയാളുടെ ഭാര്യയുടെ പിശുക്കിനെപ്പറ്റി ആവലാതിപ്പെട്ടു. മൊക്കുസെന്‍ അയാളുടെ ഭാര്യയെ കാണാന്‍ ചെന്നു.അദ്ദേഹം മുഷ്ടി ചുരുട്ടി ആ സ്ത്രീക്കു നേരെ പിടിച്ചു.

അദ്ഭുതത്തോടെ ആ സ്ത്രീ ചോദിച്ചു:"അതുകൊണ്ട്‌ താങ്കള്‍ എന്താണ്‌ അര്‍ഥമാക്കുന്നത്‌?"

"എന്റെ മുഷ്ടി എപ്പോഴും ഇങ്ങനെയേ ഇരിക്കൂ എന്നു വിചാരിക്കൂ. അതിനെ എന്തു പറയും?"

"വൈകല്യം." സംശയമില്ലാതെ ആ സ്ത്രീ പറഞ്ഞു.മൊക്കുസെന്‍ മുറുക്കിപ്പിടിച്ച കൈ തുറന്ന് അവരുടെ നേരെ പിടിച്ചു.

"എപ്പോഴും ഇങ്ങനെയേ ഇരിക്കൂ എന്നു വിചാരിക്കൂ. അപ്പോഴോ?"

"മറ്റൊരു തരത്തിലുള്ള വൈകല്യം."

"ഇത്രയും മനസ്സിലായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നല്ലൊരു ഭാര്യയായിരിക്കും." ഇത്രയും പറഞ്ഞ്‌ അദ്ദേഹം മടങ്ങിപ്പോയി.

ആചാര്യന്‍ വന്നുപോയതിനു ശേഷം വേണ്ടതുപോലെ ചെലവഴിക്കാനും ഒപ്പം സമ്പാദിക്കാനും ആ സ്ത്രീ ശീലിച്ചു.
 
posted by zen
Permalink
-->