Saturday, April 26, 2008,1:44 pm
തുരങ്കം



രു സമുറായ്‌ ഭടന്റെ മകനായ സെങ്കായ്‌ എന്ന യുവാവ്‌ എദോ എന്ന പ്രദേശത്തുള്ള ഒരു ഓഫീസറുടെ ആശ്രിതനായി കഴിഞ്ഞുപോന്നിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഓഫീസറുടെ ഭാര്യയുമായി അയാള്‍ പ്രേമത്തിലാവുകയും അക്കാര്യം ഓഫീസര്‍ അറിയുകയും ചെയ്തു. ആ യുവാവ്‌ ആത്മരക്ഷാര്‍ത്ഥം ഓഫീസറെ കൊല്ലുകയും ഭാര്യയുമായി ഒളിച്ചോടുകയും ചെയ്തു.

അവര്‍ രണ്ടുപേരും മോഷ്ടാക്കളായി മാറി. അവളുടെ വ്യാമോഹങ്ങള്‍ നിമിത്തം അയാള്‍ ആകെ അവശനായി. ഒടുവില്‍ അയാള്‍ അവളെ ഉപേക്ഷിച്ച്‌ ബുസെന്‍ എന്ന വിദൂരപ്രദേശത്തേക്ക്‌ ഓടിപ്പോയി. അയാള്‍ അവിടെ കുറെക്കാലം ചിന്താധീനനായി അലഞ്ഞുനടന്നു. തന്റെ ഭൂതകാലത്തെക്കുറിച്ചോര്‍ത്ത്‌ അയാള്‍ ഞെട്ടി. ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന് അയാള്‍ ആഗ്രഹിച്ചു.

കുന്നിന്മുകളിലെ വഴിയിലൂടെ സഞ്ചരിക്കുന്ന ആളുകള്‍ക്ക്‌ ഇടയ്ക്കിടെ അപകടം പിണയുന്നത്‌ അയാള്‍ മനസ്സിലാക്കി. കുന്നിനു താഴെ ഒരു തുരങ്കം ഉണ്ടായാല്‍ അപകടം ഒഴിവാക്കാന്‍ കഴിയുമെന്ന് അയാള്‍ കണ്ടെത്തി.

പകല്‍ സമയത്ത്‌ ഭിക്ഷ യാചിച്ച്‌ ആഹാരം സമ്പാദിച്ചു. രാത്രി മുഴുവന്‍ തുരങ്കം വെട്ടിയുണ്ടാക്കി. 30 വര്‍ഷംകൊണ്ട്‌ 2270 അടി നീളവും 20 അടി പൊക്കവും 30 അടി വീതിയുമുള്ള തുരങ്കം അയാള്‍ നിര്‍മ്മിച്ചു. തുരങ്കത്തിന്റെ പണി തീരുന്നതിനു രണ്ടു വര്‍ഷം മുന്‍പ്‌ അയാള്‍ കൊലപ്പെടുത്തിയ ഓഫീസറുടെ മകന്‍ അയാളെ കണ്ടെത്തി. പ്രതികാരം വീട്ടാനാണ്‌ അവന്‍ എത്തിയത്‌. സെങ്കായ്‌ പറഞ്ഞു:"എന്റെ ജീവിതം സ്വമനസ്സാലേ തരാം. ഈ ജോലി അവസാനിക്കട്ടെ. ഈതുരങ്കത്തിന്റെ പണി തീരുന്ന ദിവസം താങ്കള്‍ക്ക്‌ എന്നെ കൊല്ലാം."

പ്രതികാരേച്ഛുവായ ആ ചെറുപ്പക്കാരന്‍ കാത്തിരുന്നു. മാസങ്ങള്‍ കടന്നുപോയി. ചെറുപ്പക്കാരന്‍ ആകെ മടുത്തു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ അയാള്‍ തുരങ്കം പണിയില്‍ സെങ്കായിയെ സഹായിക്കാന്‍ തുടങ്ങി. ഒരു വര്‍ഷക്കാലം തുരങ്കം പണി ചെയ്തപ്പോഴേക്കും ആ ചെറുപ്പക്കാരന്‍ സെങ്കായിയുടെ ഇച്ഛാഗതിയേയും സ്വഭാവദാര്‍ഢ്യത്തേയും കുറിച്ചു മനസ്സിലാക്കി.

തുരങ്കത്തിന്റെ പണി തീര്‍ന്നു. ആള്‍ക്കാര്‍ സുരക്ഷിതരായി സഞ്ചരിച്ചുതുടങ്ങി.

സെങ്കായ്‌ പറഞ്ഞു: "എന്റെ പണി കഴിഞ്ഞു. ഇനി എന്റെ തലയെടുത്തുകൊള്ളൂ."

"എന്റെ ഗുരുനാഥന്റെ തല ഞാന്‍ വെട്ടുന്നതെങ്ങനെ?"
ചെറുപ്പ്ക്കാരന്‍ കരഞ്ഞുകൊണ്ട്‌ ചോദിച്ചു.




 
posted by zen
Permalink
-->