Wednesday, April 23, 2008,9:01 pm
തെറ്റും ശരിയും


ബെങ്കി എന്ന ബുദ്ധാചാര്യന്റെ ധ്യാനക്ലാസ്സുകളില്‍ സംബന്ധിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഒരിക്കല്‍ മോഷണക്കുറ്റത്തിന്‌ ഒരു വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ പിടികൂടി. കുറ്റക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അവര്‍ സംഗതി ആചാര്യന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആചാര്യന്‍ അത്‌ കാര്യമാക്കിയില്ല.


അതേ വിദ്യാര്‍ഥി വീണ്ടും മോഷണക്കുറ്റത്തിന്‌ പിടിക്കപ്പെട്ടു. അപ്പോഴും ആചാര്യന്‍ അത്‌ ഗൗരവമായെടുത്തില്ല. ആചാര്യന്റെ അനാസ്ഥ വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചു. കള്ളനെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ കൂട്ടമായി അവിടം വിട്ടുപോകുമെന്നു കാണിച്ച്‌ അവര്‍ ആചാര്യന്‌ നിവേദനം നല്‍കി.


നിവേദനം വായിച്ച ആചാര്യന്‍ എല്ലാവരേയും അരികില്‍ വിളിച്ചിട്ടു പറഞ്ഞു: "സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിയും വിവേകവും ഉള്ളവരാണ്‌. ഏതാണ്‌ തെറ്റ്‌ ഏതാണ്‌ ശരി എന്നു നിങ്ങള്‍ക്കറിയാം. നിങ്ങളുടെ ഇഷ്ടാനുസരണം മറ്റ്‌ എവിടെയെങ്കിലും ചെന്ന്‌ നിങ്ങള്‍ക്കു പഠിക്കാം.പക്ഷേ ഈ പാവപ്പെട്ട സഹോദരന്‌ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. ഞാന്‍ പഠിപ്പിച്ചില്ലെങ്കില്‍ മറ്റാരാണ്‌ ഇയാളെ പഠിപ്പിക്കുക? നിങ്ങളെല്ലാം ഇവിടം വിട്ടുപോയാലും ഞാന്‍ ഇയാളെ പറഞ്ഞയയ്ക്കുകയില്ല."


മോഷ്ടാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അത്‌ അയാളുടെ മുഖവും മനസ്സും കഴുകിത്തുടച്ചു.അതോടെ അയാള്‍ മോഷണശീലം എന്നേയ്ക്കുമായി ഉപേക്ഷിച്ചു.

 
posted by zen
Permalink
-->