Saturday, March 29, 2008,5:54 pm
വാളിന്റെ രുചി

പ്രശസ്തനായ വാള്‍പ്പയറ്റുകാരന്റെ മകനായിരുന്നു മത്തജൂറോ. അയാളുടെ കഴിവില്‍ മതിപ്പില്ലായിരുന്ന അച്ഛന്‍ അതൃപ്തിയോടെ മകനെ തള്ളിപ്പറഞ്ഞു. മനം നൊന്ത മത്തജൂറോ നാടുവിട്ടു. ഫുത്താറാ പര്‍വ്വതനിരകളിലേക്കു പോയി. അവിടെവച്ച്‌ അയാള്‍ ബന്‍സോ എന്ന പ്രശസ്ത വാള്‍പ്പയറ്റുകാരനെ കണ്ടുമുട്ടി. അദ്ദേഹം മത്തജൂറോയുടെ അച്ഛന്റെ വിധി സ്ഥിരീകരിച്ചു.

അദ്ദേഹം പറഞ്ഞു:
"നിനക്ക്‌ എന്റെ കീഴില്‍ വാള്‍പ്പയറ്റ്‌ പഠിക്കണമെന്നുണ്ടോ? പക്ഷേ, എന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിനക്ക്‌ സാധിക്കുമെന്നു തോന്നുന്നില്ല".
മത്തജൂറോ ചോദിച്ചു:
"കഠിനമായി അദ്ധ്വാനിച്ചാലെത്ര വര്‍ഷം വേണ്ടി വരും?"
ബന്‍സോ പറഞ്ഞു:
"ജീവിതകാലം മുഴുവന്‍".
അത്രയും കാത്തിരിക്കാന്‍ എനിക്കാവില്ല. താങ്കള്‍ എന്നെ പഠിപ്പിക്കുമെങ്കില്‍ എന്തു പ്രയാസങ്ങള്‍ തരണം ചെയ്തും പഠിക്കാന്‍ ഞാന്‍ ഒരുക്കമാണ്‌. ഞാന്‍ അങ്ങയുടെ സമര്‍പ്പണശിഷ്യനാകാന്‍ എത്ര വര്‍ഷം വേണ്ടിവരും?"
".... ങ്‌ഹാ, പത്തു വര്‍ഷം".
അച്ഛനു വയസ്സായി.അദ്ദേഹത്തെ നോക്കണം.കഠിനമായി പ്രയത്നിച്ചാല്‍ എത്ര വര്‍ഷം വേണ്ടി വരും?"
"... ങ്‌ഹാ, ഒരു മുപ്പതു വര്‍ഷം".
".....എന്ത്‌? ആദ്യം പറഞ്ഞു പത്തു വര്‍ഷമെന്ന്‌. ഇപ്പൊള്‍ മുപ്പതു വര്‍ഷം! ചുരുങ്ങിയ സമയം കൊണ്ട്‌ വാള്‍പ്പയറ്റു പഠിക്കാന്‍ എന്തു പ്രയാസവും ഞാന്‍ സഹിക്കാം"
"ശരി. എങ്കില്‍ ഒരു എഴുപതു വര്‍ഷമെങ്കിലും നീ ഇവിടെ നില്‍ക്കേണ്ടി വരും. ഇങ്ങനെ ധൃതിപിടിച്ചു നില്‍ക്കുന്ന നിന്നെപ്പോലൊരാള്‍ക്ക്‌ എളുപ്പം പഠിക്കനാവില്ല".
അക്ഷമ കാര്യസാധ്യത്തിന്‌ വിഘാതം ഉണ്ടാക്കുമെന്നു കരുതി അയാള്‍ പറഞ്ഞു:
"എനിക്കു മനസ്സിലായി."
ഗുരുനാഥന്‍ മത്തജൂറോയോട്‌ പ്രതിരോധത്തെക്കുറിച്ചു പറഞ്ഞതേയില്ല.വാള്‍ തൊടാന്‍ അനുവദിച്ചില്ല. വാള്‍ പയറ്റൊഴിച്ച്‌ മറ്റ്‌ എല്ലാ കാര്യങ്ങളും അയാളെക്കൊണ്ട്‌ ചെയ്യിച്ചു.
മൂന്നു വര്‍ഷം കടന്നു പോയി. മത്തജൂറോ പണികള്‍ ചെയ്തുകൊണ്ടേയിരുന്നു. ഭാവിയെക്കുറിച്ചോര്‍ത്ത്‌ അയാള്‍ വിഷമിച്ചു. താന്‍ ജീവിതം ഉഴിഞ്ഞുവച്ച ആ കഥയുടെ ആദ്യ പാഠം പോലും പഠിക്കാനാവാത്തതില്‍ അയാള്‍ ദു:ഖിച്ചു.
ഒരു ദിവസം മറഞ്ഞു നിന്ന്‌ ബന്‍സോ ശിഷ്യന്‌ മരവാളുകൊണ്ട്‌ ശക്തിയായി ഒരടി കൊടുത്തു. പിറ്റേദിവസം വീണ്ടും അപ്രതീക്ഷിതമായി ബന്‍സോ മരവാളുകൊണ്ട്‌ ശിഷ്യന്‌ ഉഗ്രനൊരടി കൊടുത്തു.അപ്പോള്‍ മുതല്‍ ഏതു നിമിഷവും ഗുരുവിന്റെ അടി തടയാന്‍ മത്തജൂറോ സന്നദ്ധനായി നിന്നു. ബന്‍സോയുടെ വാളിന്റെ രുചിയെക്കുറിച്ചോര്‍ക്കാത്ത ഒരു നിമിഷം പോലും അയാളുടെ ജീവിതത്തില്‍ ഇല്ലെന്നായി.
അവന്‍ വളരെ വേഗം ആയുധവിദ്യ പഠിച്ചു.
ആചാര്യന്റെ മുഖത്ത്‌ മധുരമായ പുഞ്ചിരി.
മത്തജൂറോ രാജ്യത്തെ ഏറ്റവും വലിയ വാള്‍പ്പയറ്റുകാരനായിത്തീര്‍ന്നു.
 
posted by zen
Permalink
-->