നാ ഗസാക്കിയിലെ കാമി എന്ന സ്ത്രീ ജപ്പാനിലെ കീര്‍ത്തി കേട്ട സുഗന്ധ ധൂപക്കുറ്റി നിര്‍മ്മാതാവായിരുന്നു. സുഗന്ധ ധൂപക്കുറ്റി ജപ്പാനില്‍ മഹത്തായ കലാസൃഷ്ടിയായിട്ടാണ് കരുതപ്പെട്ടിരുന്നത്. ചായസല്‍ക്കാര മുറിയിലോ കുടുംബ സ്മാരകസ്തംഭത്തിനു മുന്നിലോ മാത്രമേ ധൂപക്കുറ്റികള്‍ ഉപയോഗിച്ചിരുന്നുള്ളൂ.
കാമിയുടെ അച്ഛനും പ്രസിദ്ധനായ സുഗന്ധ ധൂപക്കുറ്റി നിര്‍മ്മാതാവായിരുന്നു. പണം കിട്ടുമ്പോള്‍ കലാകാരന്മാര്‍, കവികള്‍, കൊത്തുപണിക്കാര്‍ തുടങ്ങി എല്ലാവരേയും ക്ഷണിച്ച് കാമി ഗംഭീരമായ സദ്യകള്‍ നടത്തിയിരുന്നു.
വളരെ സാവധാനത്തിലേ സൃഷ്ടിയില്‍ ഏര്‍പ്പെടാന്‍ കാമിക്കു കഴിയുമായിരുന്നുള്ളൂ. പക്ഷേ, പണി കഴിഞ്ഞാല്‍ അതൊരു മാസ്റ്റര്‍പീസു തന്നെയായിരിക്കും.
നാഗസാക്കിയിലെ മേയര്‍, ഒരു ധൂപക്കുറ്റി ചെയ്തുകൊടുക്കാന്‍ കാമിയോട് ആവശ്യപ്പെട്ടിരുന്നു. ആറുമാസം കഴിഞ്ഞു. മറ്റൊരു പട്ടണത്തിലേക്കു മാറ്റം കിട്ടിയപ്പോ മേയര്‍ തന്റെ ആവശ്യം വീണ്ടും കാമിയെ അറിയിച്ചു.ഒടുവില്‍ കാമി ധൂപക്കുറ്റിയുടെ പണി പൂര്‍ത്തിയാക്കി.ഒന്നന്തരം കലാസൃഷ്ടി! അവള്‍ അതുതന്നെ നോക്കി വളരെനേരം കഴിച്ചു. തന്റെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിലെന്നപോലെ ആഹ്ലാദിച്ചു.
ഒരു ചുറ്റികയെടുത്ത് ആവേശത്തോടെ ആ കലാസൃഷ്ടിയെ അവള്‍ അടിച്ചു തകര്‍ത്തു. തന്റെ മനസ്സില്‍ സങ്കല്‍പ്പിച്ച വിധത്തില്‍ ആ ധൂപക്കുറ്റി നിര്‍മ്മിക്കാന്‍ സാധിക്കാത്തതായിരുന്നു അതിനു കാരണം!