മെജി ഭരണകാലത്ത് ടോക്കിയോയില്‍ വിരുദ്ധസ്വഭാവികളായ രണ്ടു ധ്യാനഗുരുക്കന്മാരുണ്ടായിരുന്നു.
ഉന്‍ഷോ ബുദ്ധന്റെ ആദര്‍ശങ്ങള്‍ അക്ഷരം പ്രതി പാലിച്ചു. ലഹരി പദാര്‍ത്ഥങ്ങള്‍ കഴിച്ചിരുന്നില്ല. രാവിലെ പതിനൊന്നിനു ശേഷം ആഹാരവും കഴിക്കുമായിരുന്നില്ല.
എന്നാല്‍ താന്‍സന്‍ നിയമങ്ങള്‍ അനുസരിച്ചിരുന്നില്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കും. ഉറങ്ങണമെന്നു തോന്നുമ്പോള്‍ ഉറങ്ങും.
ഒരു ദിവസം ഉന്‍ഷോ താന്‍സനെ സന്ദര്‍ശിച്ചു.
മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന താന്‍സന്‍ ഉന്‍ഷോയെ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: ''സഹോദരാ അല്‌പം കഴിച്ചുകൂടേ?"
ഉന്‍ഷോ അത്ഭുതത്തോടെ പറഞ്ഞു:
"ഞാന്‍ കഴിക്കാറില്ല.''
"കഴിക്കാത്തവന്‍ മനുഷ്യനല്ല.'' താന്‍സന്‍ പറഞ്ഞു.
"മത്തുപിടിപ്പിക്കുന്ന മദ്യം കഴിക്കാത്ത ഞാന്‍ മനുഷ്യനല്ലെന്നാണോ താങ്കള്‍ പറയുന്നത്? ഞാന്‍ മനുഷ്യനല്ലെങ്കില്‍ പിന്നാരാണ്?''
"ബുദ്ധന്‍'' താന്‍സന്‍ പറഞ്ഞു.